വോട്ടു കായ്ക്കുന്ന ജാതിമരം

മനുഷ്യന്‍ അതിരുവെച്ചു ഭൂമി പകുത്തെടുത്തു. നിറം വെച്ചു അഭിമാനം പകുത്തെടുത്തു. ജാതി പറഞ്ഞു മനസും പകുത്തെടുത്തു. ഒടുവില്‍ വിശ്വാസങ്ങള്‍ ഉപയോഗിച്ച് ഈ അന്തരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി. ശത്രുതയുടെ ആ ഇത്തിള്‍ ചെടിക്കു സ്വാര്‍ത്ഥ രാഷ്ട്രീയം വെള്ളമൊഴിച്ചു. ഒടുവില്‍ കൊടികളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ നിറവും ജാതിയും വിശ്വാസവും ചേരി തിരിഞ്ഞു നിന്നു യുദ്ധം ചെയ്യുന്നു.

ഇത്, ഇന്നത്തെ ഇന്ത്യ!

വര്‍ഗീയതയ്ക്കും ജാതി വെറിക്കും പരോക്ഷമായെങ്കിലും സ്ഥാനമില്ലാത്ത നാടായിരുന്നു വിശാല മനസുള്ള കൊച്ചു കേരളം. ഇന്നത്‌ അട്ടിമറിക്കപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സാക്ഷരകേരളത്തിനു ഇന്ന് സ്ഥായിയായ സ്ഥാനമുണ്ട്. നാം മുന്നില്‍ കാണുന്നത് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു ഇലെക്ഷന്‍ കാലവും.

ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍പ്പുകളും ചോദ്യചിഹ്നത്തില്‍ ആകുമ്പോള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ ചതിക്കുഴിയില്‍ വീഴുന്നവരെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനാവില്ല, ബൗദ്ധികമായ രാഷ്ട്രീയ വിശകലനങ്ങള്‍ക്കും വസ്തുതകള്‍ക്കും അപ്പുറം അവിടെ വികാരമാണ് ചിന്തിക്കുന്നത്. സത്യം കാണുന്നതിനപ്പുറം നിലനില്‍പ്പ്‌ മാത്രമാവും അവര്‍ക്കുമുന്നിലുള്ള ലക്ഷ്യം.

വിഭാഗീയതകള്‍ക്കു തെല്ലിടമില്ലാത്ത വിശ്വാസ സമൂഹങ്ങളിലും വര്‍ഗ്ഗീയതയും ജാതിചിന്തയും കാര്യസാധ്യത്തിനുള്ള തുറുപ്പുചീട്ടാക്കുമ്പോള്‍ ഒന്നോര്‍ക്കുക, ഈ സ്വാര്‍ത്ഥതക്കു വലിയ വില നല്‍കേണ്ടി വരും! ഭിന്നിപ്പിക്കുന്നതല്ല ഒന്നിപ്പിക്കുന്നതാണ് ഒരു നല്ല നേതാവിന്‍റെ ദൗത്യം, ഒരു നല്ല ആചാര്യന്‍റെ നിയോഗവും!

ജാതിചിന്ത മനുഷ്യത്വരഹിതമാണ്. വിശ്വാസങ്ങള്‍ മനുഷ്യനെ മനുഷ്യനോടും ദൈവത്തോടും അടുപ്പിക്കുന്നതിനാണ്. സ്നേഹമാവണം മതം, കാരണം “ദൈവം സ്നേഹമാണ്”.

നമുക്കു തിരിഞ്ഞു മനുഷ്യരാകാം, ഉള്ളില്‍ സ്നേഹം കവിയുന്ന ദൈവീകതയുള്ള പച്ചമനുഷ്യര്‍.

മനുഷ്യനെ മനുഷ്യനായി കാണുന്ന ഹൃദയങ്ങളും. ദൈവീകമായ സ്നേഹം നിറഞ്ഞു നില്‍ക്കുന്ന സമാധാനത്തിന്‍റെ പുലരികളും വേഗം ഉദിക്കട്ടെ.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

– പള്ളിവടക്കന്‍