കുഞ്ഞുജീവന്‍ കുട്ടിക്കളിയാകുമ്പോള്‍

അപരിഷ്കൃതരായ ആഫ്രിക്കന്‍ നരഭോജികളെ പോലും ലജ്ജിപ്പിക്കുന്ന അവസ്ഥയിലാണ് ഇന്ന് ദൈവത്തിന്‍റെ സ്വന്തം നാട്.

കളിപ്പന്തിന്‍റെ ലാഘവത്തോടെ ഒരു കുഞ്ഞു തലയോട്ടി എറിഞ്ഞു പൊട്ടിച്ച കിരാതരുടെ നാട്. നിര്‍ദാക്ഷണ്യം നാടോടി ബാലികയുടെ തല അടിച്ചു പൊട്ടിച്ച അധമന്മാരുടെ നാട്. പെറ്റ കുഞ്ഞിനു ആര്‍ത്തവ രക്തത്തിന്‍റെ വിലയില്ലാത്ത വനിതാ വിപ്ലവത്തിന്‍റെ നാട്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും വിരല്‍ ചൂണ്ടി കുറ്റപ്പെടുത്തേണ്ടത് നമ്മള്‍ ഓരോരുത്തരെയും ആണ്. കാരണം, കണ്ടിട്ടും കാണാതെ പോയ നമ്മുടെ കണ്ണുകള്‍ക്കും, അറിഞ്ഞിട്ടും ശബ്ദിക്കാതിരുന്ന നമ്മുടെ നിശബ്ദതക്കും വലിയ ഉത്തരവാദിത്തം ഉണ്ട്.

ശിക്ഷിക്കാനും ശാസിക്കാനും സ്വാതന്ത്ര്യം ഇല്ലത്ത കാരണം കുട്ടികള്‍ വഴിപിഴക്കുന്നു എന്ന് വിളിച്ചു കൂവുന്ന അധ്യാപകവര്‍ഗ്ഗം എന്തുകൊണ്ട് തന്‍റെ ക്ലാസ്സിലെ കുഞ്ഞു മനസ്സ് അനുഭവിച്ച ഭീതിയും വേദനയും കാണാതെ പോയി? സ്കൂള്‍ കൌണ്‍സിലിങ്ങും സ്റ്റൂടെന്‍റ്  മെന്‍റ്റിങ്ങും എന്തുകൊണ്ട് ഉപകാരപ്പെട്ടില്ല? ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ കുറുവടിയും ഏന്തി മൊബൈല്‍ ക്യാമറയും ഫേസ്ബുക്ക്‌ ലൈവും ഓണ്‍ ചെയ്യുന്ന സദാചാര പോലീസും സമൂഹവും അയല്‍ക്കാരും എന്തുകൊണ്ട് കണ്ണടച്ചു?

ചിന്തിക്കേണ്ടിയിരിക്കുന്നു!!

കുട്ടികളുടെ അവസ്ഥയും സാഹചര്യങ്ങളും അവര്‍ നേരിടുന്ന പ്രശ്നങ്ങളും മനസിലാക്കാന്‍ വേണ്ടുന്ന സാഹചര്യങ്ങള്‍ ശക്തമാക്കണം. വികസിത രാജ്യങ്ങളിലെ പോലെ കുട്ടികളുടെ സംരക്ഷണത്തിനു നിയമ വ്യവസ്ഥിതിയും അതിന്‍റെ പ്രാവര്‍ത്തികതയും സുസജ്ജമാക്കണം. അയല്‍പക്കത്ത്‌ ഒരു പ്രശ്നം ഉണ്ടെന്നു കണ്ടാല്‍ അധികാരികളില്‍ എത്തിക്കുവാന്‍ ഉള്ള ശ്രദ്ധയും ധൈര്യവും മനസ്സും നമുക്കു ഉണ്ടാവണം.

ഇതെന്‍റെ പ്രശ്നമല്ല എന്നു കരുതി നിശബ്ദന്‍ ആകുന്നവന്‍ മനുഷത്വമില്ലാത്ത ഭീരുവാണ്.

നമ്മുടെ ഭീരുത്ത്വം, നമ്മുടെ നിശബ്ദത, ഇനിയൊരു പാതകത്തിനു ഉത്തരവാദി ആകാതെ ഇരിക്കട്ടെ!

ശുഭമസ്തു.

– പള്ളിവടക്കന്‍.